വൈദികന്‍റെ വീട്ടില്‍ മോഷണം; അന്വേഷണത്തില്‍ വഴിത്തിരിവ്, വൈദികന്‍റെ മകൻ അറസ്റ്റില്‍

  • 11/08/2022

കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിൽ വൈദികന്‍റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫാദർ ജേക്കബ് നൈനാന്‍റെ മകൻ ഷൈനോ നൈനാൻ ആണ് പിടിയിലായത്.

വീട്ടിൽ ആളില്ലാത്ത സമയത്താണ് അൻപത് പവൻ സ്വര്‍ണം മോഷ്ടിക്കപ്പെട്ടത്. പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലായിരുന്നു. സ്വര്‍ണം സൂക്ഷിച്ച അലമാര  താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. 

താക്കോൽ ഇരിക്കുന്ന സ്ഥലവും എല്ലാ ചൊവ്വാഴ്ചയും  ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ടെന്നും അറിയാവുന്ന, വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് ആദ്യം തന്നെ സംശയം ഉണ്ടായിരുന്നു.

അന്വേഷണത്തിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു. മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തിരിഞ്ഞത്. ഷൈനോയുടെ കടബാധ്യതകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിരുന്നു. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പോലീസിന്  മൊഴി നൽകി.

Related News