ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; നഗര മധ്യത്തിൽ യുവതിയെ ഭർത്താവ് പൊതിരെ തല്ലി, കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചു

  • 11/08/2022

കൊല്ലം: മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് നഗര മധ്യത്തിൽ വെച്ച് പട്ടാപ്പകൽ യുവതിയെ ഭർത്താവ് പൊതിരെ തല്ലി. കൊല്ലം പരവൂരിലാണ് സംഭവം. കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്ക് (31) മര്‍ദ്ദനത്തില്‍ കൈക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ സുമയുടെ ഭർത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥി (37)നെ പോലീസ് അറസ്റ്റ് ചെയ്തു.  ഗാര്‍ഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പകൽ 11 മണിയോടെയാണ് സംഭവം. സുമ ജോലി ചെയ്യുന്ന ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മർദ്ദിക്കുകയായിരുന്നു. കടയിൽ നിന്ന് പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡിൽ കൊണ്ടുവന്ന ശേഷവും മർദ്ദനം തുടര്‍ന്നു. സുമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു.  
കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡില്‍ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മര്‍ദിച്ചത്. 

മര്‍ദ്ദനം തടയാന്‍ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയര്‍ത്തു സംസാരിച്ചു. സുമയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും സുമയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് ശ്രീനാഥ് റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനങ്ങളിൽ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തു.

ശ്രീനാഥിനെ അനുനയിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related News