സി.പി.എം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

  • 11/08/2022

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനം. മന്ത്രിമാര്‍ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും കുറ്റപ്പെടുത്തല്‍. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സര്‍ക്കാരിന്റെ മുഖം. എന്നാല്‍ ഈ വകുപ്പുകളിലാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സി.പി.എം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചര്‍ച്ച സര്‍ക്കാരിന് ജനകീയമുഖം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍മരേഖയായിരുന്നു. ഈ കര്‍മപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവില്‍ വിമര്‍ശന വിധേയമാക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെങ്കിലും മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മന്ത്രിമാര്‍ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാനപ്പെട്ട കുറ്റപ്പെടുത്തലായി രേഖയില്‍ വന്നിരിക്കുന്നത്.മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ തീരുമാനം എടുക്കാന്‍ മടി കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ശരിയല്ല എന്നാണ് രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മന്ത്രിമാര്‍ക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്. 

നാല്‍പതോളം പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. പോലീസിനെതിരേയും മറ്റു പ്രധാന വകുപ്പുകള്‍ക്കെതിരേയും രൂക്ഷവിമര്‍ശനമുയര്‍ന്നു. പോലീസിനെ സ്വതന്ത്രമായി കയറൂരി വിടുന്നത് ശരിയല്ല. ഇതാണ് പരാതികള്‍ക്ക് ഇട നല്‍കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോരായ്മയുണ്ട്. ഇതൊക്കെ ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പ് ഉണ്ടാകുന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ അടുത്തുപോലും എത്തുന്ന പ്രവര്‍ത്തനം മന്ത്രിമാര്‍ പൊതുവില്‍ കാണിക്കുന്നില്ല. ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളാണ് സര്‍ക്കാരിന്റെ മുഖമായി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഈ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയരുന്നത് എന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.

Related News