പൊതുമാപ്പ്‌: മലയാളികളുമായുള്ള ആദ്യ വീമാനങ്ങൾ പുറപ്പെട്ടു.

  • 26/05/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ്‌ ലഭിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം ഇന്ന് നാട്ടിലേക്ക്, പൊതുമാപ്പ് ലഭിച്ച് ഷെൽട്ടറുകളിൽ കഴിയുന്ന ഇന്ത്യാക്കാരുമായി ഇന്ന് മൂന്ന് വിമാനങ്ങളാണുള്ളത്. രണ്ട് വിമാനം കേരളത്തിലേക്കും ഒരെണ്ണം പഞ്ചാബിലേക്കുമാണ്. കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള വീമാനങ്ങൾ ഇന്നുച്ചയോടെ പുറപ്പെട്ടു. കോഴിക്കോടേക്ക്‌ 144 യാത്രക്കാരാണുള്ളത്. കൊച്ചിയിലേക്ക് 146 യാത്രക്കാരിൽ 72 സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന 42,000 ഇന്ത്യക്കാർ കുവൈത്തിലുണ്ടെന്ന് കരുതപ്പെടുന്നു. പൊതുമാപ്പ് കാലയളവിൽ അനധികൃത പ്രവാസികൾക്ക് നിയമപരമായ ശിക്ഷ കൂടാതെ കുവൈറ്റ് ഗവർമെന്റാണ് ടിക്കറ്റ് നൽകി ജസീറ എയർവേസിൽ നാട്ടിലെത്തിക്കുന്നത്.

ഇന്ത്യയിൽ ക്വാറൻറയിന്​ സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകിയതിനെത്തുടർന്നാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി വൈകിയത്. പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ കുവൈത്ത് സര്‍ക്കാറിന്റെ കീഴിൽ രാജ്യത്തെ വിവിധ പൊതുമാപ്പ് ഷെൽട്ടറുകളിൽ കഴിയുന്നുണ്ട്, ഇവിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 1000 ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. കൂടാതെ എംബസിയില്‍ നിന്ന് ഔട്ട്പാസ് ലഭിച്ച 5000ഓളം പേരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ്. കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ പോയതിന് പിന്നാലെയാണ് കേരളത്തിലേക്ക് ഇന്ന് രണ്ടുവിമാനങ്ങള്‍ . ഒരുമാസത്തിലേറെയായി അനിശ്ചിതാവസ്ഥയില്‍ ഷെൽട്ടറുകളിൽ കഴിയുന്ന മലയാളികൾക്ക് കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസ് ആശ്വാസമാണ്.

Related News