കുവൈറ്റ് പതിയെ സാധാരണനിലയിലേക്ക്, ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ.

  • 30/05/2020

കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായുള്ള ആദ്യ പാദത്തിന് തുടക്കമായി. സെപ്റ്റംബരോട് കൂടി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനായി അഞ്ച് ഘട്ടങ്ങളായാണ് ഇളവുകള്‍ അനുവദിക്കുക. ജലീബ് അൽ ശുയൂഖ്, മെഹ്ബൂല, ഫർവാനിയ, ഖൈത്താൻ, ഹവല്ലി, മൈദാൻ ഹവല്ലി എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക കര്‍ഫ്യൂമാണ് നിലവില്‍ വന്നത്. ഭാഗിക കര്‍ഫ്യൂ പ്രദേശങ്ങളില്‍ വൈകീട്ട് 6 മണി മുതൽ രാവിലെ 6 വരെ ആണ് നിശാ നിയമം ഉണ്ടാകുക. അതോടപ്പം രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും ഭൂരിഭാഗം സ്വകാര്യ ഓഫീസുകളുടേയും പൊതു അവധി ജൂണ്‍ 20 വരെ നീട്ടിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ചായിരിക്കണം പ്രവർത്തനാനുമതിയുള്ള മേഖലകള്‍ പ്രവർത്തിക്കേണ്ടത്.

ക്ളീനിങ് മെയിന്റനൻസ് ഷിപ്പിംഗ് ഗ്യാസ് ലാൻഡ്രി തുടങ്ങിയ സേവനമേഖലകളും ജംഇയ്യകള്‍ ബഖാലകൾ സൂപ്പർ മാർക്കറ്റുകൾ റേഷൻ സ്റ്റോറുകളും, ടെലഫോൺ കമ്പനികളും ഇന്റർനെറ്റ് ദാതാക്കളും സ്വകാര്യ ആശുപത്രികൾ , ഡിസ്പെൻസറികൾ ക്ലിനിക്കുകൾ,ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് , സ്പെയർസ്പാർട്സ് , കാർവാഷിങ് തുടങ്ങിയ സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ തുടര്‍ന്നും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗിന് www.moci.shop എന്ന ലിങ്കിലാണ് പ്രവേശിക്കേണ്ടത്. രാജ്യത്തെ ജംഇയ്യകളുടെ പ്രവൃത്തി സമയം രാവിലെ 8:00 മുതൽ അർദ്ധരാത്രി 12:00 വരെയാകുമെന്നും വെബ്‌സൈറ്റ് വഴി റിസർവേഷൻ കഴിഞ്ഞാൽ മാത്രമേ ഉപഭോക്താക്കൾക്ക് പ്രവേശനം ലഭിക്കൂകയുള്ളൂവെന്നും ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ യൂണിയൻ ചെയർപേഴ്‌സൺ ഫഹദ് അൽ എനെസി അറിയിച്ചു.അതിനിടെ ഭാഗിക കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ തുറക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 6:00 മുതൽ വൈകുന്നേരം 5:30 വരെ ആയിരിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും അറിയിച്ചു. രാജ്യത്തെ മിക്ക സേവനങ്ങളും ഓണ്‍ലൈന്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍, കുവൈത്ത് മുനിസിപ്പാലിറ്റി, സിവില്‍ സര്‍വീസ് കമ്മീഷന്‍, ആരോഗ്യ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

Related News