ആളിക്കത്തി ഇറാന്‍; പ്രക്ഷോഭകാരികള്‍ അയത്തുള്ള ഖൊമേനിയുടെ വീടിന് തീയിട്ടു

  • 19/11/2022



ടെഹ്റാന്‍: ഇറാനില്‍ 22 കാരി മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ഹിജാബ് വിരുദ്ധ - ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രതിഷേധക്കാര്‍ രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട് വീടിന് തീയിട്ടു. 

ഖൊമൈൻ നഗരത്തിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് തീ ആളിക്കത്തുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍, കെട്ടിടത്തിന് തീ പടിച്ചിട്ടില്ലെന്ന് പ്രദേശിക അധികാരികള്‍ അവകാശപ്പെട്ടു.  

ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ചത് ഈ വീട്ടിലാണെന്ന് കരുതപ്പെടുന്നു. നിലവില്‍ ഇവിടം ഒരു മ്യൂസിയമാണ്. 1979 -ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ മുന്നില്‍ നിന്ന് നയിച്ചത് അയത്തുള്ള ഖൊമേനിയായിരുന്നു. 

പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ ഭരണാധികാരിയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഹൃത്തുമായ ഷാ മുഹമ്മദ് റെസ പഹ്ലവിയെ അധികാരഭ്രഷ്ടനാക്കി, ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുകയും രാജ്യത്തെ പരമോന്നത നേതാവായി സ്വയം അവരോധിക്കുകയുമായിരുന്നു, അയത്തുള്ള ഖൊമേനി. 1989-ൽ മരിക്കുന്നതുവരെ അദ്ദേഹം ഇറാന്‍റെ ആദ്യത്തെ പരമോന്നത നേതാവായിരുന്നു. 

മരണ ദിവസം ഇന്നും ഇറാനിലെ ദേശീയ ദുഃഖാചരണ ദിവസമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ വീടിന് തീപിടിക്കുമ്പോള്‍ പ്രക്ഷോഭകര്‍ ആനന്ദനൃത്തം ചവിട്ടുന്നതും കാണാം. വ്യാഴാഴ്ച വൈകുന്നേരം ചിത്രീകരിച്ച ദൃശ്യങ്ങളാണിവയെന്ന് ഒരു ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് റിപ്പോര്‍ട്ട് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Related News