"സാരഥീയം 2022 പ്രൗഡഗംഭീരമായി ആഘോഷിച്ചു"

  • 20/11/2022



സാരഥി കുവൈറ്റിന്റെ 23 മത് വാർഷികാഘോഷം, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് "സാരഥീയം 2022" എന്ന പേരിൽ കുവൈറ്റിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2022 നവംബർ 18 ന് " വിപുലമായി ആഘോഷിച്ചു. .

 ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജികൾ സാരഥീയം 2022 ഒദ്യോഗികമായി ഉദ്ഘാടനം നടത്തി. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദര്‍ശനം ജീവിത ദര്‍ശനമായി പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീനാരായണഗുരു മതം സ്ഥാപിച്ചില്ല. പകരം ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യരുടെ ജ്ഞാനവും ഭാരതീയ ഗുരുക്കന്മാരുടെ ആധ്യാത്മികതയും സമന്വയിച്ച ഏകലോക ദര്‍ശനമാണ് ലോകത്തിന് ആവശ്യമെന്ന് ഗുരു അരുള്‍ ചെയ്തെന്നും സ്വാമിജി പറഞ്ഞു. ഗുരുദർശനങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ ജീവിത വിജയം നേടുവാനും സ്വാമിജി ആഹ്വാനം ചെയ്തു. 

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ , മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ: A.V. അനൂപ് എന്നിവർ "സാരഥീയം 2022" പരിപാടിയുടെ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

സാരഥീയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിലെ സന്യാസ ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ രാവിലെ 10 മണി മുതൽ ആരംഭം കുറിയ്ക്കുകയുണ്ടായി.

ഉച്ചയ്ക്ക് 1.30 മുതൽ ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡ് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം ശ്രീ. മാത്യൂസ് വർഗീസിന് നൽകുകയും, ബിസിനസ്സ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡ് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപിന് സമ്മാനിക്കുകയും ചെയ്തു. ഈ വർഷത്തെ സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ.ശശിധര പണിക്കർ അർഹനായി.

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തിൻറെ ഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിക്കുകയുണ്ടായി. സാരഥി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ SCFE വഴിയായിരിക്കും പ്രസ്തുത സ്കോളർഷിപ്പ് നടപ്പാക്കുക. 

ഭവന രഹിതർക്കായി സാരഥി ഏർപ്പെടുത്തിയ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ വീടിൻ്റെ പ്രഖ്യാപനവും പ്രസ്തുത വേദിയിൽ നടക്കുകയുണ്ടായി.

ലോകത്തിലാദ്യമായി അഞ്ചു ഭാഷകളിലായി ദൈവദശകം ആലാപനം സാരഥീയം വേദിയിൽ സംഘടിപ്പിച്ചു. മലയാളം, കന്നഡ, തമിഴ്, അറബിക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി സാരഥി ഗുരുകുലം കുട്ടികളുടെ നേതൃത്വത്തിലാണ് ഇത് ആലപിച്ചത്.

സാരഥീയം 2022 ൻ്റെ ഭാഗമായി
സാരഥി അംഗങ്ങളായ 60 നര്‍ത്തകരും 50 അഭിനേനാതാക്കളും വേദിയില്‍ അവതരിപ്പിച്ച "ഗുരുപ്രഭാവം" എന്ന നൃത്ത-സംഗീത-നാടകീയാവിഷ്ക്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ശ്രീനാരായണ ഗുരുദേവന്‍ നെയ്യാറിലെ ശങ്കരങ്കന്‍ കുഴിയില്‍ ചേറില്‍ ആണ്ടു കിടന്ന ശിലാഖണ്ഡത്തെ ഈശ്വര സങ്കല്‍പ്പം കൊണ്ട് മഹത്വവല്‍ക്കരിച്ച, നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ക്ഷേത്ര സങ്കല്പത്തെ മാറ്റിമറിച്ചുകൊണ്ട് ഈഴവാദി പിന്നോക്കാജാതിക്കാർക്ക് ക്ഷേത്രപ്രവേശനവും പൂജയും നടത്തുവാൻ കാരണമായ അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ ഉല്ലല ഓംങ്കാരേശ്വരത്തെ പ്രണവ പ്രതിഷ്ഠവരെയുള്ള ആത്മീയ സപര്യയുടെ കാലപ്രവാഹത്തെകുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി പ്രസ്തുത പരിപാടി.

 ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ സാരഥീയം സുവനീർ പ്രകാശനം, കോർഡിനേറ്റർ ശ്രീ.അജി കുട്ടപ്പന് നൽകി കൊണ്ട് നിർവ്വഹിച്ചു. 2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ശ്രീ ശാരദാംബാ അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണവും തദവസരത്തിൽ നടന്നു. 

സാരഥി സെൻ്റർ ഫോർ എക്സലൻസ്, SCFE, കുവൈറ്റിലെ തൊഴിൽ തേടുന്നവർക്കും മറ്റുമായി തുടങ്ങുന്ന പുതിയ കോഴ്സുകളായ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സെെബർ സെക്യൂരിറ്റി കോഴ്സുകളുടെ പ്രഖ്യാപനവും വേദിയിൽ നടന്നു.

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആൻ ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിച്ച "സംഗീതനിശ" പരിപാടിയുടെ മുഖ്യാകർഷണമായി മാറി.

സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.സിജു സദാശിവൻ സ്വാഗതം ആശംസിക്കുകയും,
ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി, സാരഥി രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, വനിതാ വേദി ചെയർപേഴസൺ ശ്രീമതി.പ്രീതാ സതീഷ്, ബില്ലവ സംഘ കുവൈറ്റ് പ്രസിഡൻ്റ് ശ്രീമതി. സുഷമ മനോജ്, ഗുരുകുലം പ്രസിഡൻ്റ്മാസ്റ്റർ അഗ്നിവേശ് ഷാജർ എന്നിവർ ആശംസകൾ നേരുകയും, ട്രഷറർ ശ്രീ.അനിത്കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Related News