വിമാന സർവീസ് പുനരാരംഭിക്കണമെന്ന് എം‌പി അഹമ്മദ് അൽ ഫാദൽ

  • 31/05/2020

കുവൈറ്റ് സിറ്റി : വിമാന സർവീസ് ഉടന്‍ പുനരാരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം‌പി അഹമ്മദ് അൽ ഫാദൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലായിരുന്നു വിമാനത്താവളം അടച്ചിടാൻ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് മാസത്തില്‍ അടച്ച് പൂട്ടിയ വിമാനത്താവളത്തില്‍ വാണിജ്യ വിമാനങ്ങളുടെ സര്‍വീസുകള്‍ ഇതുവരെയായി പുനരാരംഭിച്ചിട്ടില്ല. കര്‍ഫ്യൂ മൂലം അത്യാവശ്യ യാത്രകള്‍ പോലും ചെയ്യാനാവാതെ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലാണ് പൗരന്മാരെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിമാനങ്ങള്‍ക്ക് യാത്രാനുമതി നല്‍കുന്നതിലൂടെ അത്തരമാളുകളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും അഹമ്മദ് അൽ ഫാദൽ പറഞ്ഞു. കോവിഡ് നിയന്ത്രണ വിധേയമായ പല രാജ്യങ്ങളും ടൂറിസം മേഖല തുറന്ന് കൊടുത്തിട്ടുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് വിമാന ഗതാഗതം പുനരാംഭിച്ചാല്‍ പൗരന്മാര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . നേരത്തെ വാണിജ്യ വിമാനങ്ങള്‍ പുന്നാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തയ്യാറാക്കുന്നതിനും കൂടാതെ ജോലി സംവിധാനങ്ങളുടെയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനും വ്യത്യസ്ഥ വകുപ്പുകളോട് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും പൂര്‍ണ്ണമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെയുമായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുകയെന്നായിരുന്നു ഡി.ജി.സി.എ അറിയിച്ചിരുന്നത്.

Related News