ഗോകുലം കലാക്ഷേത്രം നൃത്തോത്സവ് ഡിസംബർ 16ന്

  • 13/12/2022



ഗോകുലം കലാക്ഷേത്ര കുവൈറ്റിൽ അതിന്റെ വിജയകരമായ യാത്ര ആരംഭിച്ചത് 2008 ലാണ്. നൃത്ത അധ്യാപന രംഗത്ത് 30 വർഷത്തിലേറെ പരിചയമുള്ള ശ്രീ ഗോകുലം ഹരിയാണ് ഗോകുലം കലാക്ഷേത്രയ്ക്ക് നേതൃത്വം നൽകുന്നത്.

അബ്ബാസിയ, സാൽമിയ, ഖൈത്താൻ
എന്നീ മൂന്ന് ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന  ഗോകുലം കലാക്ഷേത്രയിൽ ഇതുവരെ നൃത്ത പഠനം പൂർത്തിയാക്കിയത് കുട്ടികളും മുതിർന്നവരും ആയി ആയിരത്തിൽ പരം ആളുകളാണ്. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങൾ അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ ഇവിടെ പരിശീലിപ്പിക്കുന്നു.

ഗോകുലം കലാക്ഷേത്രം നൃത്തോത്സവ് എന്ന പേരിൽ കേരളത്തിൽ ഗുരുവായൂരും, കുവൈറ്റിലുമായി കഴിഞ്ഞ 25 വർഷങ്ങളായി അരങ്ങേറ്റം നടത്തിവരുന്നു. പതിനൊന്നാം അരങ്ങേറ്റം – നൃത്തോത്സവ്, പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഡിസംബർ 16 വെള്ളിയാഴ്ച Aspire Indian International school അബ്ബാസിയയിൽ വച്ച് നടത്തപ്പെടുകയാണ്. 

മൂന്നുമണി മുതൽ ആരംഭിക്കുന്ന നൃത്തോത്സവ് വേദിയിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി എന്നിവയിലായി 96 കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ ഭരതനാട്യത്തിൽ മുതിർന്നവരും ഈ വേദിയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. 

അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ മജീദ് ( ചെയർമാൻ അൽ മജീദ് ട്രേഡിങ്  കമ്പനി) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോക്ടർ സുസോവന സുജിത്ത് നായർ ( മെഡിക്കൽ ഓങ്കോളജിസ്റ്റ്), സജീവ് നാരായണൻ ( പ്രസിഡന്റ് സാരഥി കുവൈറ്റ്), ഫാദർ ലിജു പൊന്നച്ചൻ ( സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കുവൈറ്റ്) എന്നിവർ മറ്റ് വിശിഷ്ടാതിഥികൾ ആയിരിക്കും. 

നൃത്ത വേദിക്ക് പാശ്ചാത്തല സംഗീതം ഒരുക്കാൻ നാട്ടിൽ നിന്നും എത്തുന്ന കലാകാരന്മാർ കലാമണ്ഡലം സാഗർ ദാസ് ( വോക്കൽ), കലാമണ്ഡലം സുബീഷ്( മൃദംഗം), ഗാനഭൂഷണം ശ്രീജിത്ത് ( വയലിൻ), എന്നിവരോടൊപ്പം കുവൈറ്റിൽ നിന്നും രാജേഷ് റാം( വോക്കൽ), ഹരിദാസ് കുറുപ്പ്( നട്ടുവാങ്കം) എന്നിവരും ചേരുന്നു. 

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഹരിദാസ് കുറുപ്പ് എന്ന ഗോകുലം ഹരി. മലപ്പുറം ജില്ലയിലെ തിരുനാവായയിൽ ശ്രീ ശ്രീധര കുറുപ്പിന്റെയും അമ്മു കുറുപ്പത്തിയാരുടെയും മകനായി ജനിച്ച അദ്ദേഹം തന്റെ നൃത്ത പഠനം പൂർത്തിയാക്കിയത് തൃപ്പൂണിത്തറ കലാനിലയത്തിൽ നിന്നുമാണ്.

ഗോകുലം കലാക്ഷേത്ര ഡയരക്ടർ ഗോകുലം ഹരി, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രിയേഷ് കണോത്ത്, ജോബിൻ തോമസ്, ഷൈജു പോൾ, ഗോകുൽ ദാസ്, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related News