മലയാളിയായ സിബി ജോര്‍ജ് കുവൈറ്റിലെ പുതിയ അംബാസിഡർ

  • 01/06/2020

കുവൈത്ത്സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോർജ്ജ്‌ നിയമിതനായി. ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ. ജീവസാഗര്‍ കഴിഞ്ഞ ആഴ്ച വിരമിച്ച ഒഴിവിലേക്കാണു നിയമനം, ഈ സ്ഥാനത്തേക്കാണ് സിബി ജോര്‍ജിനെ നിയമിച്ചിരിക്കുന്നത്. 1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സിബി.ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ആദ്യ സര്‍വീസ് തുടക്കം. ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ തുടര്‍ന്ന് പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്സ്യല്‍ കൗണ്‍സിലറുമായി യു.എസ്.എയില്‍. സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹം ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുണ്ട് ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തിന് നല്‍കുന്ന എസ്.കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന് 2014-ല്‍ അര്‍ഹനായിരുന്നു. കോട്ടയം ജില്ലയിലെ പാലയാണ് ജന്മസ്ഥലം. പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്സ് ജോണ്‍ പാംപൂരത്താണ്. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017-നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലെന്റെിലെ സ്ഥാനപതിയായിരുന്നു.

Related News