അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു

  • 28/12/2022




ന്യൂയോ‍ർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി. അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്. രണ്ട് ദിവസം വരെ വിമാനത്താവളങ്ങളില്‍ തുടരേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. ഇതുവരെ 28 മരണമാണ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 77ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്.

Related News