രാജ്യത്ത് ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാർ; ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം

  • 01/06/2020

കുവൈത്ത്‌ സിറ്റി : അനധികൃത താമസക്കാര്‍ക്ക് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് വേണ്ടത്ര പ്രയോജനപ്പെട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപതിനായിരം താമസ നിയമ ലംഘകർ കഴിയുന്നുണ്ടെന്നാണ് ഏറ്റവും പുതുതായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. പൊതുമാപ്പ് കാലയളവില്‍ 57132 പേര്‍ രാജ്യം വിടുകയും 20964 പേര്‍ രാജ്യത്തിനു അകത്ത്‌ നിന്നു കൊണ്ട്‌ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ 19868 ഇന്ത്യക്കാരാണ് ആകെ പൊതു മാപ്പ് പ്രയോജനപ്പെടുത്തിയത്‌.

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 30000 ലേറെ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ ഇപ്പോയും കുവൈത്തിലുണ്ടെന്നാണ് സൂചന. അനുവദിക്കപ്പെട്ട ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ ഒരുതരത്തിലും രാജ്യത്ത് താമസിക്കാന്‍ അനുവദിക്കില്ലെന്നും താമസനിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരക്കാരെ ഉടന്‍ പിടികൂടുമെന്നും തിരിച്ച് വരാന്‍ സാധിക്കാത്ത രീതിയില്‍ ഇവരെ നാടുകടത്തും. സൗജന്യമായി വിമാന ടിക്കറ്റ്​ നൽകിയും പുതിയ വിസയില്‍ തിരികെ രാജ്യത്തേക്ക് വരുന്നതിനും അനുമതി നല്‍കിയിട്ടും അനധികൃത താമസക്കാര്‍ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരാതിരുന്നത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. രാജ്യത്തെ സുരക്ഷക്ക് പോലും ഭീഷണിയാകുന്ന രീതിയില്‍ ഇവരുടെ എണ്ണം കൂടുന്നത്. വര്‍ഷങ്ങളായി രാജ്യത്ത് അനധികൃതമായി കഴിയുന്നവരില്‍ ഇന്ത്യക്കാരും ബംഗ്ലദേശുകാരും ഈജിപ്തുകാരും ശ്രീലങ്കക്കാരും ഫിലിപ്പീൻസുകാരും സിറിയക്കാരും ഇത്യോപ്യക്കാരും ഇന്തോനീഷ്യ, പാക്കിസ്ഥാനില്‍ നിന്നുള്ള പൌരന്മാരാണ് കൂടുതലുള്ളത്. അടുത്ത ദിവസം മുതല്‍ അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന.

Related News