അഴിമതിക്കാരെ വെച്ച് പൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്

  • 03/06/2020

കുവൈറ്റ് സിറ്റി : രാജ്യത്ത് ആര് അഴിമതി കാണിച്ചാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രങ്ങളുടെ എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരവും ആശ്വാസകരവുമാണ്. കൊറോണയെന്ന മാഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാം. ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നല്‍കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ആഗോള അടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണയെന്ന ഒരു വിഭവത്തെ മാത്രം ആശ്രയിച്ച് രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ 48 ലക്ഷമാണ്. 14.5 ലക്ഷം സ്വദേശികളും 33.5 ലക്ഷം വിദേശികളുമാണ് രാജ്യത്ത് അധിവസിക്കുന്നത്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നത് കടുത്ത വെല്ലുവിളിയാണെങ്കിലും സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഓഗസ്റ്റ് അവസാനത്തോടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയുടെ തുടക്കം മുതൽ സര്‍വ്വ പിന്തുണയും നല്കിയ രാജ്യത്തിന്‍റെ അമീറിനെ ദൈവം അവനെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. അതോടപ്പം ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ സര്‍ക്കാരിനോടപ്പം തന്നെ നിന്ന കുവൈറ്റ് ജനതയോടും വിദേശികളോടും പ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൊറോണയുടെ അനന്തരഫലങ്ങളുടെ അസാധാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയ ദേശീയ അസംബ്ലിയും പാര്‍ലിമെന്‍റ് സ്പീക്കര്‍ മര്‍സൂക് അല്‍ ഗാനിമും പരിപൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാറിന് നല്‍കിയത്. അവരോടുള്ള കൃതജ്ഞതയും അറിയിക്കുന്നതായി ഷെയ്ഖ് സബ അൽ ഖാലിദ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമാണ്. എന്നാല്‍ പൗരന്റെയും താമസക്കാരുടെയും ആരോഗ്യവും കൂടുതൽ പ്രധാനമാണെന്നും വിപണിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തര്‍ക്കം പൂര്‍ണ്ണമായി പരിഹരിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുവാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ തന്നെ എല്ലാം പരിഹരിക്കുവാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News