നാട് കടത്തുന്ന വിദേശികൾക്ക് 3 വർഷത്തേക്ക് പ്രവേശന വിലക്ക് ; റെസിഡൻസി നിയമങ്ങളില്‍ സമൂല മാറ്റത്തിനായി കുവൈത്ത്.

  • 03/06/2020

കുവൈത്ത് സിറ്റി : താമസ നിയമങ്ങളില്‍ മാറ്റങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങളും ഭേദഗതികളും തയ്യാറായതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ്, ഫത്വ, നിയമനിർമ്മാണ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പ്, സിവിൽ സർവീസ് കമ്മീഷൻ, കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കുവൈറ്റ് നിയമജ്ഞർ, ആരോഗ്യ പ്രതിനിധികൾ എന്നീവര്‍ അടങ്ങിയ സംഘമാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. മന്ത്രിസഭയുടെ അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് ദേശീയ അസംബ്ലിയുടെ പരിഗണിക്കായി സമര്‍പ്പിക്കും. പുതിയ ശുപാര്‍ശ അനുസരിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്താൽ തൊഴിലുടമകൾക്കെതിരെ പിഴകളുടെ തുകയും വര്‍ദ്ധിപ്പിക്കും. അത്തരം തൊഴിലുടമകളുടെ ലേബൽ ഫയൽ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താനും സ്പോൺസർമാരെ അന്വേഷണത്തിന് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്. അതോടപ്പം തൊഴിലാളിയെ നാടു കടത്താന്‍ ആവശ്യമായ യാത്ര ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സാമ്പത്തിക ചിലവും തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്തു . റെസിഡൻസി ലംഘനത്തിനുള്ള പ്രതിദിന പിഴ 20 ദിനാര്‍ ആയി ഉയര്‍ത്തൂം പക്ഷേ 500 ദിനാറില്‍ കവിയരുത്. നാട് കടത്തുന്ന വിദേശിയെ മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിർദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി സ്റ്റാമ്പ്  ചെയ്യാന്‍   തൊഴിലുടമയുടെ സാന്നിധ്യം ആവശ്യമാണ്. അതോടപ്പം ആശുപത്രികളിലെ ചികിത്സയും മരുന്നുകളുടെ ചിലവും ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസും നിര്‍ബന്ധമാക്കും. ഡ്രൈവര്‍, മന്‍ദൂപ് തൊഴിലുകളിലൊഴികെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകില്ല. ലൈസന്‍സ് ലഭിക്കാന്‍ 500 ദിനാര്‍ ശമ്പളം നിര്‍ബന്ധമാക്കുകയും ലൈസന്‍സ് കാലാവധി വിസാ കലാവധിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ലൈസന്‍സ് ഇഷ്യു ഫീസ് 200 ദിനാര്‍ ആക്കണമെന്ന നിര്‍ദ്ദേശവും സംഘം നല്കിയിട്ടുണ്ട്. നിയമം ലംഘിച്ചതിന് വിദേശികളെ നാടുകടത്തുന്നതിന് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി പൊതു സുരക്ഷാ ഉദ്യോഗസ്ഥർക്കും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഇമിഗ്രേഷൻ, റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വിപുലമായ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതികൾ.ഇപ്പോയത്തെ സ്പോൺസർഷിപ്പ് സംവിധാനം റദ്ദാക്കി വിദേശികളെ സര്‍ക്കാരിന് കീഴിനുള്ള ഏജൻസി നിശ്ചിത സംഖ്യ ഫീസ് ഈടാക്കി സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന സംവിധാനവും പുതിയ ശുപാര്‍ശയിലുണ്ട്. അതോടപ്പം റെസിഡൻസിയും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Related News