ബ്രഹ്‌മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ; സംസ്ഥാന സർക്കാർ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രൻ

  • 18/03/2023

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാവണം. ബ്രഹ്‌മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തിൽ സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ പറഞ്ഞത്. കൊച്ചി കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. സംഭവത്തിന് ഉത്തരവാദികളായ സർക്കാർ -കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. 100 കോടി പിഴ ജനങ്ങളുടെ മേൽ കെട്ടിവെക്കാതെ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കൽ നിന്നും ഈടാക്കണം.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മാലിന്യനിർമ്മാർജനത്തിലെ വീഴ്ച്ച സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ലോകബാങ്ക് 2021 ൽ അനുവദിച്ച 105 മില്യൺ ഡോളർ എന്തു ചെയ്‌തെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രം നൽകിയ ഫണ്ട് എത്രത്തോളം വിനിയോഗിച്ചെന്ന് ജനങ്ങളോട് പറയണം. ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചിക്കാർക്ക് നീതി ലഭിക്കും വരെ ബിജെപി സമരം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related News