ബ്രഹ്‌മപുരത്തെ തീയണഞ്ഞു; കൊച്ചി കോർപ്പറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു

  • 19/03/2023

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചി കോർപ്പറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവമാലിന്യ നീക്കത്തിൻറെ ഉദ്ഘാടനം കൗൺസിലർ പിആർ അനീഷ് ഉദ്ഘാടനം ചെയ്തു. ക്ലീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത്. വഴിയരികിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യനീക്കം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. രണ്ടാംഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനം.

അതേസമയം, ബ്രഹ്‌മപുരം സംഭവത്തിൽ കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തിയിരുന്നു. സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ അറിയിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. 

മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു.

Related News