ബിഷപ്പിന്റെ പ്രസ്താവനയിൽ രാഷ്ട്രീയം കാണുന്നില്ല, കേന്ദ്രത്തിൽ നിന്നും കൂടുതൽ ഇടപെടലുണ്ടാകും: കെ സുരേന്ദ്രൻ

  • 19/03/2023

തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരണം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിന്റെ പ്രസ്താവനയിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. റബ്ബർ കർഷകർക്കായി ഇരുമുന്നണികളും ഒന്നും ചെയ്തില്ല. ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിൽ നിന്നും കർഷകർക്കായി കൂടുതൽ ഇടപെടൽ ഉണ്ടാകും. കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയോടാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. എം വി ഗോവിന്ദന്റെ പ്രസ്താവന അസ്വസ്ഥത മൂലമാണെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. ക്രൈസ്തവരെ ആർഎസ്എസിന്റെ പേര് പറഞ്ഞ് ഭീതിയിലാഴ്ത്താൻ ശ്രമിക്കുന്നു. അതൊന്നും വിലപ്പോകില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ച നടന്നിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജോസ് കെ മാണി ഉന്നയിച്ച ആരോപണങ്ങൾക്കും കെ സുരേന്ദ്രൻ മറുപടി പറഞ്ഞു. കാലിനടിയിൽ നിന്നും മണ്ണൊലിച്ച് പോകുന്നതിന്റെ വേവലാതിയാണ് ജോസ് കെ മാണിക്ക്. പാല ബിഷപ്പിനെ പിഎഫ്ഐ വേട്ടയാടിയപ്പോൾ ഓടിയൊളിച്ചയാളാണ് ജോസെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related News