മാർ ജോസഫ് പാംപ്ലാനി ബിജെപിക്ക് അനുകൂലമായി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല; ഇ.പി ജയരാജൻ

  • 19/03/2023

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. മാർ ജോസഫ് പാംപ്ലാനിയെ പോലെ ബഹുമാന്യനായ പിതാവ് ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. കേന്ദ്ര സർക്കാർ ഒരു കർഷകനെയും സഹായിക്കുന്നില്ലെന്നതാണ് സത്യം. ബിജെപി ഗവൺമെന്റ് എന്ത് സഹായമാണ് ചെയ്തതെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ വ്യക്തമാക്കണം. ക്രിസ്തീയ മതപുരോഹിതന്മാർ ഇത്തരത്തിൽ ചിന്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.എസ്.എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി നടിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവർക്ക് നന്നായറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. അത് ജനങ്ങൾക്ക് മനസിലാകും. ആർ എസ് എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആണ് ശത്രുക്കളെന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ മോശം നയത്തിനെതിരായ പ്രതികരണമാണ് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയതെന്ന് ജോസ് കെ. മാണി എം.പി പ്രതികരിച്ചിരുന്നു. റബ്ബർ വിലയിടിവിന് കാരണം കേന്ദ്ര സർക്കാരാണ്. കേന്ദ്ര നയങ്ങൾ തിരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കർഷക വിരുദ്ധ കേന്ദ്ര നയങ്ങൾ ചർച്ചയാകുമെന്നും സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കും കേരള കോൺഗ്രസിനും കർഷകരെ സഹായിക്കണമെന്നാണ് അഭിപ്രായമെന്നും ജോസ് കെ മാണി വിശദീകരിച്ചു.

Related News