'ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി': വി ഡി സതീശൻ

  • 19/03/2023

റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വി ഡി സതീശൻ പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് ചർച്ചയായത്. 

നിയമസഭാ സംഘർഷ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൂടുതൽ പ്രതിഷേധം നാളത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനിക്കും. പ്രതിപക്ഷം പൂച്ചക്കുട്ടികളായി ഇരിക്കില്ല. നിയമസഭ നടക്കമെന്നാണ് ആഗ്രഹം. പ്രതിപക്ഷ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

യുഡിഎഫിൽ സമയബന്ധിതമായ ചർച്ചകൾ നടക്കുന്നില്ലെന്ന ആർഎസ്പിയുടെ വിമർശനങ്ങളോടും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. യുഡിഎഫ് നേതൃയോഗം എല്ലാ മാസവും ചേരാറുണ്ടെന്നും അഭിപ്രായങ്ങൾ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Related News