പശുവിന് വെള്ളം കൊടുക്കാൻ പോയപ്പോൾ അപ്രതീക്ഷിത വരവ്; കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

  • 19/03/2023

സുൽത്താൻ ബത്തേരി: പുൽപ്പള്ളിക്കടുത്ത് ചേകാടി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്ര (67)നെയാണ് കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു  സംഭവം. വീടിന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കാൻ പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാളിയുടെ ഇരുകാലുകൾക്കും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. രൂക്ഷമായ കാട്ടാന ശല്ല്യം അനുഭവപ്പെടുന്ന പ്രദേശമാണ് ചേകാടി, പാക്കം പ്രദേശങ്ങൾ. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ചേകാടിയിലും പരിസരത്തും പകൽസമയങ്ങളിൽ പോലും കാട്ടാനകൾ എത്താറുണ്ട്.

റോഡുകളും മറ്റു വഴികളുമെല്ലാം വനപ്രദേശത്ത് കൂടിയായതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. പല സമയങ്ങളിലായി കടുവ ശല്യവും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം,  ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ചിന്നക്കനാൽ സിമൻറ് പാലത്തിന് സമീപം റേഷൻ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി അരികൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി.

സിമന്റ് പാലത്തിന് സമീപം മുമ്പ് അരികൊമ്പൻ തകർത്ത ഒരു വീട്ടിലാണ് താത്കാലിക റേഷൻ കട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പെടെ ആൾ താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച് ആനയെ ഇവിടേയ്ക്ക് ആകർഷിക്കാനാണ് പദ്ധതി. സിമൻറ് പാലത്തിലേക്ക് എത്തുന്ന അരികൊമ്പനെ മയക്കുവെടി വെച്ച ശേഷം  കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് കരുതുന്നത്.

Related News