മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേര്‍ത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ബിജെപി നീക്കം

  • 19/03/2023

തിരുവനന്തപുരം: ഇടത് വലത് മുന്നണികളില്‍ അതൃപ്തരായ മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേര്‍ത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ബിജെപി നീക്കം. പുതുതായി രൂപീകരിക്കപ്പെടുന്ന പാര്‍ട്ടിയെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്ബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാനായുള്ള പ്രാഥമിക ചര്‍ച്ചകളില്‍ ചില ക്രൈസ്തവ സഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. തലശേരി ബിഷപിന്റെ ബിജെപി അനുകൂല പ്രസ്താവനയ്ക്ക് പ്രധാന്യം കൈവരുന്നത് ഈ പാര്‍ട്ടി രൂപീകരണ നീക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.


റബര്‍ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച്‌ പാലായിലെ കെ.എം.മാണി പ്രതിമയ്ക്കു മുന്നില്‍ സമരം നടത്തുന്ന യുഡിഎഫിലെ കേരള കോണ്‍ഗ്രസുകാര്‍. റബര്‍ കര്‍ഷക കണ്‍വന്‍ഷനടക്കം വിളിച്ചു ചേര്‍ത്ത് എല്‍ഡിഎഫിലെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസും പേരിനുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ റബര്‍ വിലയിടിവിന് പരിഹാരം കാണാനുള്ള ഫലപ്രദമായ ഇടപെടലുകള്‍ ഇരുമുന്നണികളും അവിടങ്ങളിലെ കേരള കോണ്‍ഗ്രസുകളും നടത്തുന്നില്ലെന്ന വിമര്‍ശനം പരമ്ബരാഗത റബര്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്. റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാല്‍ ബിജെപിക്ക് ഒരു എംപിയെ തരാം എന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന പ്രസക്തമാകുന്നതും ഇവിടെയാണ്.

റബറടക്കം കാര്‍ഷിക വിഭവങ്ങളുടെ വിലയിടിവില്‍ സംസ്ഥാനത്തെ മലയോര ക്രൈസ്തവ മേഖല അതൃപ്തിയിലാണ്. ഒപ്പം ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി ബിജെപി നടത്തുന്ന പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യം പരമാവധി മുതലെടുത്ത് സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ വലിയ പങ്ക് ബിജെപിക്ക് അനുകൂലമായി സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പതിനൊന്ന് വര്‍ഷം മുമ്ബ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കാഞ്ഞിരപ്പള്ളി മുന്‍ എം എല്‍ എ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നത്. ഇപ്പോള്‍ ഇടത് വലത് മുന്നണികളുടെ ഭാഗമായ മുന്‍ എം എല്‍ എ മാര്‍ ഉള്‍പ്പെടെ ഇടുക്കി കേന്ദ്രീകരിച്ച്‌ നടക്കുന്ന പ്രാഥമിക ചര്‍ച്ചകളുടെ ഭാഗമായി.

Related News