സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

  • 21/03/2023

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും.

അതേസമയം രാജ്യത്ത് കൊവിഡ് -19, ഇൻഫ്‌ളുവൻസ അണുബാധ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതിൽ ഉയർന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കൊവിഡ്, ഇൻഫ്‌ളുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാർ നിരീക്ഷിച്ചു വരികയാണ്.

ജനങ്ങൾ ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. പനി പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സാവന്ത് ആവശ്യപ്പെട്ടു. ഗോവയിൽ ഇന്നലെ 17 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,59,297 ആയി. സജീവ കേസുകളുടെ എണ്ണം 109 ആണ്. എന്നാൽ, സംസ്ഥാനത്ത് ഇൻഫ്ളുവൻസ കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇന്നലെ 699 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സജീവ കേസുകൾ 6,559 ആയി ഉയർന്നു.

Related News