മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് മുസ്ലിം സംഘടനകൾ

  • 19/04/2023

കോഴിക്കോട്: അബ്ദുൾ നാസർ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി നടക്കുന്ന സാമ്പത്തിക സമാഹരണത്തിന് സഹായം അഭ്യർത്ഥിച്ച് മുസ്ലീം സംഘടനകൾ. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാർ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിറക്കി. സുപ്രീം കോടതിയിൽ നിന്നും ജാമ്യം കിട്ടിയ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് എത്താൻ വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുകയാണ്. ഈ സാഹചര്യത്തിലാണ് മദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മദനി സഹായ സമിതി മുസ്ലീം സംഘടനാ നേതാക്കളെ സമീപിച്ചത്. 

റമദാൻ മാസമായതിനാൽ സാമ്പത്തിക സമാഹരണത്തിന് പൊതു സമൂഹത്തോട് അഭ്യർത്ഥന നടത്തണമെന്ന ആവശ്യമായിരുന്നു ഇവർ മുന്നോട്ട് വെച്ചത്. ഇതിനു പിന്നാലെ മദനിക്ക് സഹായമഭ്യർത്ഥിച്ച് വിവിധ സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിറക്കി. സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇകെ വിഭാഗം സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, ജമാ അത്തെ ഇസ്ലാമി കേരളാ അമീർ എം ഐ അബ്ദുൾ അസീസ്, ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് കെ പി അബൂബക്കർ ഹസ്രത്ത് എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന. 

കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടേയും കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മമ്പാട് നജീബ് മൗലവിയുടേയും പേരുകൾ പ്രസ്താവനയിലുണ്ട്. നിരവധി അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന മദനിയുടെ ചികിത്സക്കും ബംഗളൂരു നഗരത്തിലെ താമസത്തിനും വലിയ തുക ചെലവ് വരുന്നുണ്ട്. ഇതിനു പുറമേ നിയമപോരാട്ടത്തിന് അഭിഭാഷകർക്ക് ഭീമമായ ഫീസ് നൽകേണ്ടി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.

Related News