സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ, നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • 21/04/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറിൽ വൈദ്യുതി വിനിയോഗ നിരക്കിലും വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്. 

വൈദ്യുതി ഉപയോഗത്തിൽ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാൾ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയർന്നാൽ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബി മുന്നറിയിപ്പ് നൽകുന്നുണ്ട്.

പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബിയുള്ളത്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമം.

Related News