ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബന്ധു കസ്റ്റഡിയില്‍

  • 21/04/2023

കൊയിലാണ്ടി: കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച  മരിച്ചത്.  

ഐസ്ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛർദിക്കുകയും ചികിത്സയിലിരിക്കുമ്പോള്‍ മരണം സംഭവിക്കുകയുമായിരുന്നു.  വിഷം കലർത്തിയ ഐസ് ക്രീം കഴിച്ചതിനെതുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതൃ സഹോദരി താഹിറയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. 

ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അതീവ ​ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ കുട്ടി മരിച്ചു.  ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്.  

Related News