പ്രവാസികൾക്ക് ഓഗസ്‌റ്റോടെ കുവൈത്തിലേക്ക് തിരിച്ചുവരാനായേക്കും.

  • 10/06/2020

കുവൈറ്റ് സിറ്റി : സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടെ ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടം പൂർത്തിയാകുന്നമുറക്ക് കുവൈത്തിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസ്‌ നേരിടുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും രാജ്യത്തെ സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരുന്നതിനു സർക്കാർ അഞ്ചു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളുടെ അവസാനത്തിൽ വിമാന താവളങ്ങളുടെ പ്രവർത്തനം പൂർണ്ണമായും പുനസ്ഥാപിക്കുവാൻ കഴിയുമെന്നാണു അധികൃതർ പ്രതീക്ഷിക്കുന്നത്‌. വിമാനത്താവളങ്ങൾ തുറന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചുകഴിഞ്ഞാൽ, വിദേശത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളെ കൈകാര്യം ചെയ്യുന്നതിനും പരിശോധിക്കുന്നതിനും ഒരു മാർഗരേഖ ആവശ്യമാണ്, കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതികളും വിവിധ സംഭവവികാസങ്ങളും വിലയിരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിയന്ത്രണങ്ങൾ സ്ഥാപിക്കുന്നതിനും ഇത്‌ സംബന്ധിച്ച്‌ ഗൾഫ്‌ സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഉന്നതതല സമിതി യോഗത്തിൽ ചർച്ച ചെയ്യുകയും ഇതിനായി ഈ രാജ്യങ്ങളിൽ ഏകീകൃത സംവിധാനം ഏർപ്പെടുത്തുവാനും ആലോചനയുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തിൽ പരം പ്രവാസികൾ രാജ്യത്തിനു പുറത്ത്‌ കഴിയുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്‌, ഇവരിൽ ഒരു ലക്ഷത്തി എൺപതിനായിരത്തോളം ഇന്ത്യക്കാരാണെന്നാണു കണക്കാക്കപ്പെടുന്നത്‌. അതോടൊപ്പം നിലവിൽ റെസിഡെൻസിയുള്ള കുവൈത്തിന് പുറത്തുള്ള നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടതായായും റിപ്പോർട്ടുകളുണ്ട്.

Related News