പ്രധാനമന്ത്രി നാളെ കേരളത്തില്‍; പങ്കെടുക്കുന്നത് വിവിധ പരിപാടികളിൽ

  • 23/04/2023

കൊച്ചി : വന്ദേ ഭാരതും വാട്ടര്‍മെട്രോയും അടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നാളെ കേരളത്തില്‍. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള യുവം അടക്കമുളള പരിപാടികളിലും മോദി പങ്കെടുക്കും. കര്‍ദീനാള്‍ മാര്‍ ആലഞ്ചേരിയടക്കം എട്ട് സഭാ അധ്യക്ഷന്‍മാരുമായി നാളെ വൈകീട്ട് കൊച്ചിയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജനബാഹുല്യം കണക്കിലെടുത്ത് മോദിയുടെ കൊച്ചിയിലെ റോ‍ഡ് ഷോയുടെ ദൂരവും കൂട്ടിയിട്ടുണ്ട്.


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി രാത്രി ഏഴിനാണ് ക്രൈസ്തവ സഭാമേലധ്യക്ഷന്‍മാരെ കാണുക. കൊച്ചി താജ് വിവാന്ത ഹോട്ടലാണ് കൂടിക്കാഴ്ച. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ്.

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്,ലത്തീന്‍ സഭാ ആര്‍ച്ച്‌ ബിഷപ് ജോസഫ് കളത്തിപ്പറന്പില്‍, ക്നാനായ കത്തോലിക്കാ സഭാ ബിഷപ് മാത്യു മൂലക്കാട്ട്, ക്നാനായ സിറിയന്‍ സഭാ ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് കല്‍ദായ സുറിയാനി സഭാ ബിഷപ് ഔജിന്‍ കുര്യാക്കോസ് എന്നിവരാകും കൂടിക്കാഴ്ചയ്ക്കെത്തുക. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുളള ബിജെപിയുടെ രാഷ്ടീയ നീക്കത്തിന്‍റ ഭാഗമായിട്ടുകൂടിയാണ് കൂടിക്കാഴ്ച.

Related News