സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി ഷോപ്പ് സ്വന്തമാക്കിയയാൾ പിടിയിൽ

  • 23/04/2023

കോഴിക്കോട്: കോഴിക്കോട് വ്യാജരേഖ ചമച്ച്‌ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മന്‍സില്‍ ഹൗസില്‍ ഷബീര്‍ പി. പി. ആണ് കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസിന്റെ പിടിയിലായത്. എസ് എം സ്ട്രീറ്റിലെ സി.ആര്‍.7 എന്ന ഷോപ്പ് നോക്കി നടത്തിപ്പുകാരനായ ഇയാള്‍ സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.


വ്യാജ ഒപ്പിട്ട് ഉണ്ടാക്കിയ എഗ്രിമെന്‍റ് ഉപയോഗിച്ച്‌ സ്ഥാപനം പിടിച്ചെടുത്ത് 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കി എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഗ്രിമെന്‍റ് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ കട കൈവശം വച്ചത്. ബില്‍ഡിംഗ് ഉടമ നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. ബൈജു. കെ. ജോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ ജിബിന്‍. ജെ. ഫ്രഡി, എസ്.സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഷബീറിനെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ടൗണ്‍ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related News