ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

  • 23/04/2023

കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ (എം വി ശങ്കരന്‍) അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലി ആശുപത്രിയില്‍ രാത്രി 11.40ഓടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു. 1924 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.


ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ 3 വര്‍ഷം സര്‍ക്കസ് പഠിച്ചു. സര്‍ക്കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്നു കടപൂട്ടി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു. 1946ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി.

എന്നാല്‍ സര്‍ക്കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എംകെ രാമനാണ് തുടര്‍പരിശീലനം നല്‍കിയത്. രണ്ടു വര്‍ഷത്തിനു ശേഷം കല്‍ക്കത്തയിലെത്തി ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍ക്കസില്‍.

ഹൊറിസോണ്ടല്‍ ബാര്‍, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു. റെയ്മന്‍ സര്‍ക്കസിലും അദ്ദേഹം ഏറെ നാള്‍ ജോലിചെയ്തു. 1951ല്‍ വിജയ സര്‍ക്കസ് കമ്ബനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു.

Related News