ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത; കൊലപ്പെടുത്തിയത് ലീലയുടെ മകനെ കൊലപ്പെടുത്തിയ ആൾ തന്നെയെന്ന് സംശയം

  • 25/04/2023

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. മരിച്ച ലീലയുടെ മകനെ കൊലപ്പെടുത്തിയ ആളാണ് ലീലയേയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ സംശയം. 2019-ലാണ് ലീലയുടെ മകന്‍ രോണുവിനെ സഹോദരീ ഭര്‍ത്താവ് രാജന്‍ കൊലപ്പെടുത്തിയത്.


ഈ കേസില്‍ ജയിലില്‍ ആയിരുന്ന രാജന്‍ ഒരുമാസം മുമ്ബാണ് കോളനിയില്‍ തിരികെ എത്തിയത് എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ നിധീഷ് പറഞ്ഞു. കേസില്‍ തിരിച്ചെത്തിയ ശേഷം രാജന്‍ ലീലയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നു.

ലീലയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്ബ് ലീലയും ഭര്‍ത്താവ് രാജഗോപാലനും സഹോദരി ഭര്‍ത്താവ് രാജനും ഉള്‍പ്പടെ അഞ്ചുപേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ മലകയറിയതെന്നാണ് കോളനിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെ ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ച്‌ വെച്ചു. ഏതാനും ദിവസങ്ങള്‍ക്ക്ശേ ഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലീലയുടെ ഭര്‍ത്താവും സഹോദരി ഭര്‍ത്താവും ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related News