പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നു: എം.വി.ഗോവിന്ദന്‍

  • 25/04/2023

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മോദിക്ക് തന്നെ അറിയാം കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന്, അദ്ദേഹത്തിനില്ലാത്ത ആവേശമായിരുന്നു പ്രസംഗം തര്‍ജിമ ചെയ്ത മന്ത്രി വി.മുരളീധരനെന്നും ഗോവിന്ദന്‍ പരിഹസിച്ചു.


'കേരളത്തില്‍ എപ്പോള്‍ അധികാരത്തില്‍ വരുമെന്നോ ഇത്ര സീറ്റ് നേടുമെന്നോ പ്രധാനമന്ത്രി പറയാതിരുന്നത് മനഃപൂര്‍വ്വമാണ്. ട്രാന്‍സ്ലേഷന്‍ നടത്തുന്ന മുരളീധരന്‍ മന്ത്രിക്ക് മാത്രമാണ് ആവേശം. പ്രധാനമന്ത്രി അത്ര ആവേശത്തിലായിരുന്നില്ല. ഞങ്ങള്‍ അടുത്ത തവണ പാര്‍ലമെന്റില്‍ ഇത്ര സീറ്റില്‍ ജയിക്കുമെന്ന നിയമസഭയില്‍ ജയിക്കുമെന്നോ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ മോദി പറഞ്ഞില്ല. കാരണം മോദിക്കറിയാം അതൊന്നും നടക്കില്ലെന്ന്' ഗോവിന്ദന്‍. എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

കേരളത്തിന് എയിംസും റെയില്‍വേ സോണും അനുവദിക്കുമെന്ന് പറഞ്ഞ് തീരുമാനിച്ചതാണ്. ഒരു കാര്യവും നടന്നിട്ടില്ല. ദേശീയ പാതാ വികസനം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് മാത്രം നടപ്പാകുന്നതാണ്. ഇന്ത്യയില്‍ കേരളമൊഴികെ മറ്റൊരു സംസ്ഥാനവും ദേശീയപാത വികസനത്തിന് പണം നല്‍കിയിട്ടില്ല. 52,17,642 പേര്‍ക്കാണ് കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്ര സഹായം ലഭിക്കുന്നത് 6,88,329 പേര്‍ക്കാണ്. എന്നിട്ടാണ് കേരളത്തിലെ മുഴുവന്‍ ക്ഷേമ പെന്‍ഷനും തങ്ങളാണ് കൊടുക്കുന്നതെന്ന് പറഞ്ഞ് ബിജെപിക്കാര്‍ വീമ്ബിളക്കുന്നത്. അതില്‍ തന്നെ 500 മുതല്‍ 200 വരെയാണ് കേന്ദ്ര വിഹിതം എന്നും അദ്ദേഹം പറഞ്ഞു.

Related News