സംസ്ഥാനത്ത് ഇന്ന് മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടര്‍ മെട്രോയും സര്‍വീസ് ആരംഭിക്കും

  • 25/04/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടര്‍ മെട്രോയും സര്‍വീസ് ആരംഭിക്കും. കാസര്‍കോട് നിന്നും ഉച്ചയ്‌ക്ക് 2.30 ന് വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെടും. കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ഇന്ന് സര്‍വീസ് ആരംഭിക്കുക.


ഉച്ചയ്ക്ക് 2.30ന് കാസര്‍കോടു നിന്നു പുറപ്പെടുന്ന എക്‌സ്പ്രസ് രാത്രി 10.35 ഓടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒന്‍പതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിന്‍ എത്തിച്ചേരും. 28 മുതല്‍ തിരുവനന്തപുരം- കാസര്‍കോട് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമര്‍പ്പിച്ചത്.

രാവിലെ ഏഴ് മണി മുതലാണ് ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ വാട്ട‍ര്‍ മെട്രോ സ‍ര്‍വീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സര്‍വീസ് ഉണ്ടാകും. നാളെ മുതല്‍ മുതല്‍ വൈറ്റില- കാക്കനാട് റൂട്ടിലും വാട്ട‍ര്‍ മെട്രോ ഓടിത്തുടങ്ങും. ഈ റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ ഒന്‍പതു ബോട്ടുകളാണ് സ‍ര്‍വീസിന് തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വാട്ടര്‍ മെട്രോയുടെ വരവോടെ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related News