പിഎസ്‌സി വഴി നിയമനം, പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടൽ; 68 അധ്യാപകര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനം

  • 26/04/2023

തിരുവനന്തപുരം: പിഎസ്‌സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട 68 അധ്യാപകര്‍ക്ക് 2025 മെയ് വരെ പുനര്‍ നിയമനം നല്‍കാന്‍ തീരുമാനം. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് 2025 മെയ് 31 വരെ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 68 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നല്‍കുന്നത്. ജോലി പോയതിനാല്‍ സമരത്തില്‍ ആയിരുന്ന അധ്യാപകര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം.


നേരത്തെ പിഎസ്‌സി വഴി നിയമനം ലഭിച്ച്‌ ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷമാണ് ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടത്. ഒഴിവുകള്‍ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കുമെന്നായിരുന്നു പിരിച്ചുവിടുമ്ബോള്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജി വച്ച്‌ മെച്ചപ്പെട്ട ശമ്ബളം പ്രതീക്ഷിച്ച്‌ ഹയര്‍ സെക്കന്‍‍ഡറി അധ്യാപക ജോലിയില്‍ പ്രവേശിച്ചവരാണ് സര്‍ക്കാരിന്റെ ഉത്തരവിലൂടെ വഴിയാധാരമായത്. 2017ലെ വിജ്ഞാപനം അനുസരിച്ച്‌ 2018ലെ പരീക്ഷയില്‍ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റില്‍ നിന്ന് 2021ല്‍ സ്ഥിര നിയമനം കിട്ടിയവരായിരുന്നു ഈ 68 അധ്യാപകരും.

നിയമന പ്രശ്നത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ യാചകാ സമരം നടത്തിയിരുന്നു. തസ്തികാ പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി സീനിയര്‍ അധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24 ല്‍ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയര്‍ അധ്യാപകര്‍ എടുക്കേണ്ട ക്ലാസുകള്‍ ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ഇതാണ് 68 അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റാകാന്‍ കാരണമായത്. സമാന സാഹചര്യമുള്ളപ്പോള്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് കിട്ടിയ തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ സ്കൂളുകളിലും വേണമെന്നാണ് ഇവരുടെ ആവശ്യപ്പെട്ടിരുന്നു.

Related News