എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

  • 26/04/2023

തിരുവനന്തപുരം : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.


ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു. വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണെന്നും പി രാജീവ് പറഞ്ഞു.

ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാര്‍ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉപകരാറുമായി ബന്ധപ്പെട്ട് കെല്‍ട്രോണ്‍ ഇതുവരെ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടര്‍ രേഖകള്‍ പൊതുമധ്യത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

Related News