ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

  • 26/04/2023

കൊച്ചി: ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തില്‍ ഏപ്രില്‍ 1 നും 22 നും ഇടയില്‍ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 22,528 കേസുകളും മഹാരാഷ്ട്രയില്‍ 17,238 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.


അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 8,594 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാവും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ഉണ്ടായതിനാല്‍ കൊവിഡ് കേസുകള്‍ വരും ദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ട്. വാരാന്ത്യത്തില്‍ മൂന്ന് മാസത്തിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പോസിറ്റീവ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. മൂക്കൊലിപ്പ്, പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങളെന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റും ക്വാളിറ്റി മാനേജരുമായ ഡോ വിനോദ് ഫ്രാങ്ക്ലിന്‍ പറഞ്ഞു.

Related News