അരിക്കൊമ്ബനെ പിടികൂടുന്നതിന്‍റെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രില്‍ ഇന്ന്

  • 26/04/2023

ഇടുക്കി: അരിക്കൊമ്ബനെ പിടികൂടുന്നതിന്‍റെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രില്‍ ഇന്ന്. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രില്‍ നടത്തുക. ചിന്നക്കനാല്‍ മേഖലയില്‍ നിന്നും അരിക്കൊമ്ബനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഞ്ച് അംഗ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്‌ഡ്രില്‍ സംഘടിപ്പിക്കുന്നത്.


പറമ്ബിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായി
ഓപ്പറേഷന്‍ അരിക്കൊമ്ബന്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നല്‍കും. മയക്കു വെടി വെക്കുന്നതിനുള്‍പ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.

മയക്കുവെടി വെച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയില്‍ കയറ്റും. ഇടക്കിടെ ശരീരത്തില്‍ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാല്‍ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്. വാഹനത്തില്‍ കയറ്റുന്നത് വരെ എത്തിക്കേണ്ട സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെക്കും. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്നലെ വൈകിട്ട് കൈമാറിയത്.

Related News