ആദ്യദിനം അതിഗംഭീരമാക്കി കൊച്ചി വാട്ടര്‍ മെട്രോ. 6559 യാത്രക്കാർ

  • 27/04/2023

എറണാകുളം: ആദ്യദിനം അതിഗംഭീരമാക്കി കൊച്ചി വാട്ടര്‍ മെട്രോ. 6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. കുറഞ്ഞ ചിലവില്‍ സാധ്യമാകുന്ന മനോഹരമായ യാത്രയെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ് പറയാനുള്ളതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.


കൊച്ചിയുടെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണര്‍വ്വാണ് ആദ്യദിനത്തില്‍ തന്നെ വാട്ടര്‍മെട്രോ കൊണ്ടുവന്നിരിക്കുന്നത്. മികച്ച കണക്‌ടിവിറ്റിയാണ് വാട്ടര്‍മെട്രോയുടെ പ്രത്യേകത. ചിത്രപ്പുഴ പാലത്തിനുതാഴെ ഇന്‍ഫോപാര്‍ക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെര്‍മിനല്‍. വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ട്‌ ടെര്‍മിനലില്‍.

കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകളുമുണ്ടാകും. കെഎംആര്‍എല്ലിന്റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രികര്‍ക്ക്‌ ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ വഴി മിനിറ്റുകളുടെ ഇടവേളയില്‍ കെഎസ്‌ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ്‌ നടത്തും.

Related News