പ്ലൈവുഡ് കമ്ബനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ് ഇതരസംസ്ഥാന തൊഴിലാളി; ഇതുവരെ കണ്ടെത്താനായില്ല

  • 27/04/2023

എറണാകുളം: പെരുമ്ബാവൂര്‍ ഓടക്കാലിയില്‍ പ്ലൈവുഡ് കമ്ബനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല. രാവിലെ ഏഴ് മണിക്കാണ് പ്ലൈവുഡ് ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളിയായ കൊല്‍ക്കത്ത നസീര്‍ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണത്. 10 മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


ആറ് ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്ന് നടത്തുന്ന രക്ഷാ പ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും നസീറിനെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 15 അടി താഴ്ചയിലേക്കാണ് ഇയാള്‍ വീണിരിക്കുന്നത്. കുഴിയില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് നനക്കാന്‍ എത്തിയപ്പോളാണ് ഇയാള്‍ കുഴിയിലേക്ക് വീണുപോയത്. മാലിന്യം ഇളക്കി മാറ്റിയാണ് തിരച്ചില്‍‌ നടത്തുന്നത്.

''ഞങ്ങളിവിടെ എത്തുമ്ബോള്‍ ഒരു മാന്‍ഹോള്‍ മാത്രമാണ് കണ്ടത്. എന്നാല്‍ അടിയില്‍ വലിയൊരു തീഗോളമായിരുന്നു. വലിയൊരു കിണറിലേക്ക്, കനലിന്റെ അകത്തേക്കാണ് ആള്‍ പോയിട്ടുണ്ടാകാനാണ് സാധ്യത. ആ സമയം മുതല്‍ പമ്ബിംഗ് നടത്തുന്നുണ്ട്. തുടര്‍ച്ചയായി വെള്ളമടിച്ചുകൊണ്ടിരിക്കുകയാണ്. പതിനഞ്ച് അടി ചുറ്റളവില്‍ ഉള്ള മൊത്തം മാലിന്യങ്ങളും മാറ്റി നോക്കി. ഇതിന് മുമ്ബ് ഇവിടെ തീപിടുത്തം ഉണ്ടായതാണ്. ഞങ്ങളിവിടെ മൂന്നാല് ദിവസം ജോലി ചെയ്തിരുന്നു. അന്ന് തീ പൂര്‍ണ്ണമായും അണച്ചാണ് ഇവിടെ നിന്ന് പോയത്.

എന്നാല്‍ പിന്നീട് വീണ്ടും തീ കത്തുകയും അതൊരു കനലായി രൂപപ്പെടുകയും ചെയ്തതായിരിക്കാം.' അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്‍ക്കത്ത സ്വദേശിയായ നസീര്‍ ഇവിടെ താത്ക്കാലികമായി ജോലിക്ക് വന്ന തൊഴിലാളിയാണ്.

Related News