ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നൽകിയില്ല; റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി

  • 27/04/2023

കൊച്ചി: ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റസ്‌റ്റോറന്റിനാണ് ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്.


അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയെന്നും പരാതിക്കാരിയായ ബിന്ദ്യ വി സുതന്‍ ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റ് 21ന് ഫഌറ്റില്‍ സദ്യ എത്തിക്കുമെന്നായിരുന്നു റസ്റ്റോറന്റിന്റെ വാഗ്ദാനം. എന്നാല്‍ സമയത്ത് സദ്യ എത്തിച്ചില്ല. ഇതിന് ഒഴിവുകഴിവുകള്‍ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയുമാണ് റെസ്റ്റോറന്റ് ചെയ്തത്. തനിക്കു നേരിടേണ്ട വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടത്.

ഓണദിവസം വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മുന്‍കൂട്ടി അഞ്ചു പേര്‍ക്കുള്ള സദ്യ ബുക്ക് ചെയ്തത്. ഭക്ഷണം എത്താതായപ്പോള്‍ പലവട്ടം റെസ്റ്റോറന്റിലേക്കു വിളിച്ചു. പന്ത്രണ്ടരയ്ക്കു മുമ്ബായി എത്തിക്കും എന്നാണ് അറിയിച്ചത്. സമയം കഴിഞ്ഞും എത്താതായപ്പോള്‍ വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല.

സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് റെസ്‌റ്റോറന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കണ്‍സ്യൂമര്‍ ഫോറം വിലയിരുത്തി. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നല്കുന്നതിനൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി അയ്യായിരം രൂപയും നല്‍കണമെന്ന് ഫോറം ഉത്തരവിട്ടു.

Related News