അരിക്കൊമ്ബനെ ഇന്ന് തന്നെ പിടികൂടും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

  • 28/04/2023

ഇടുക്കി: അരിക്കൊമ്ബനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്ബന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നും കാലാവസ്ഥ അനുകൂലമാണെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്ബനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആള്‍ക്കൂട്ടം വെല്ലുവിളിയാകും. അതേ സമയം അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആര്‍ എസ് അരുണിന്റെയും മൂന്നാര്‍ ഡി എഫ് ഒ രമേശ്‌ ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാല്‍ പ‌ഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാ‍ര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച്‌ അടച്ചു.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്ബനെ തളയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന 'അരിക്കൊമ്ബന്‍' എന്ന കാട്ടാന കഴിഞ്ഞ ജനുവരി മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.

Related News