സംസ്ഥാനത്ത് വരും മണിക്കൂറില്‍ 8 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • 30/04/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ 8 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏഴ് ണിക്ക് ശേഷം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.


മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു. അതേസമയം മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇത് പ്രകാരം അടുത്ത ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ ജാഗ്രത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ മഴ സാധ്യത ഏറ്റവും കൂടുതലായുള്ളത്. ഇന്നാകട്ടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related News