തിരുവമ്ബാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂര്‍ത്തിയാക്കി; തൃശൂർ പൂരത്തിന് ഇന്ന് സമാപനം

  • 01/05/2023

തൃശൂര്‍: മാനത്ത് വര്‍ണ വിസ്മയമൊരുക്കി തൃശൂര്‍ പൂരം വെടിക്കെട്ട്. തിരുവമ്ബാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂര്‍ത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വര്‍ണ്ണവിസ്മയം. തിരുവമ്ബാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയില്‍ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വര്‍ണ്ണവിസ്മയത്തിനൊപ്പം ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ഉയര്‍ന്നു. ഒടുവില്‍ ആകാശച്ചുവരില്‍ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വര്‍ണ്ണപ്പൂരം.


പെസോയുടെയും പൊലീസിന്റെയും കര്‍ശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. മുന്‍വര്‍ഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തെ നിരാശരാക്കി.

അതേസമയം, തൃശൂര്‍ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ് - തിരുവമ്ബാടി ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ വന്ന് അടുത്ത പൂരത്തിനു കാണാമെന്ന് ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടോടെ മണികണ്ഠനാല്‍ പന്തലില്‍ നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്ബാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും. പടിഞ്ഞാറെ നടയില്‍ എഴുന്നെള്ളി നിന്ന് മേള അകമ്ബടിയില്‍ കുടമാറും. ശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും. ഇന്നത്തെ പകല്‍ പൂരം തൃശൂരുകാരുടേതാണ്. അടുത്ത പൂരം ഏപ്രില്‍ 19 നാണ്.

Related News