സംഭരണിയില്‍ വീണ ഫോണ്‍ വീണ്ടെടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചു; തത്തുല്യമായ പണം ഈടാക്കാൻ നടപടി

  • 30/05/2023

ഭോപാല്‍: സംഭരണിയില്‍ വീണ ഫോണ്‍ വീണ്ടെടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാൻ കീഴുദ്യോഗസ്ഥന് വാക്കാല്‍ അനുമതി നല്‍കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെയും ഒഴുക്കിക്കളഞ്ഞ വെള്ളത്തിനു തത്തുല്യമായ പണം മേലുദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും അത് ശമ്ബളത്തില്‍നിന്ന് പിടിക്കാനും ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍.കെ. ധിവാറിന് ഇന്ദ്രാവതി പ്രോജക്‌ട് സൂപ്രണ്ട് എൻജിനീയര്‍ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേനല്‍ക്കാലത്ത് സംഭരണികളില്‍ വെള്ളമുണ്ടായിരിക്കേണ്ട ആവശ്യകതയും കത്തില്‍ വിശദീകരിക്കുന്നു.


ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രാജേഷ് വിശ്വാസിന്റെ ഫോണാണ് വെള്ളത്തില്‍ വീണ് നഷ്ടപ്പെട്ടത്. അവധിയാഘോഷിക്കാനായി ഖേര്‍കട്ട ഡാമിലെത്തിയ രാജേഷ്, സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ഫോണ്‍ സംഭരണിയില്‍ വീണു. തുടര്‍ന്ന് രണ്ട് ഡീസല്‍ പമ്ബുകള്‍ ഏര്‍പ്പാടുചെയ്ത് തുടര്‍ച്ചയായ മൂന്നു ദിവസമെടുത്ത് വെള്ളം വറ്റിച്ചു. പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് ഫോണ്‍ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

1,500 ഏക്കറോളം വരുന്ന കൃഷിയിടത്തിന് ജലസേചനത്തിനുപയോഗിക്കാവുന്നത്ര വെള്ളമാണ് ഫോണിനായി പാഴാക്കിയത്. വെള്ളം വറ്റിക്കുന്നതിനായി മേലുദ്യോഗസ്ഥനില്‍നിന്ന് അനുമതി ലഭിച്ചിരുന്നെന്നും സംഭരണിയിലെ വെള്ളം പ്രത്യേകിച്ച്‌ ഒരാവശ്യത്തിനും ഉപയോഗിക്കാത്തതാണെന്നും രാജേഷ് പറഞ്ഞു. വെള്ളം വറ്റിച്ചുള്ള തിരച്ചിലില്‍ ഫോണ്‍ ലഭിച്ചെങ്കിലും മൂന്ന് ദിവസം കിടന്നതിനാല്‍ പ്രവര്‍ത്തനരഹിതമാണ്.

Related News