ബ്രഹ്മോസ് അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവം: രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടം

  • 30/05/2023

ന്യൂഡല്‍ഹി: ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യമായുള്ള ബന്ധത്തില്‍ സംഭവം വിള്ളലുണ്ടാക്കി. ഈ സംഭവത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാൻഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


ഒരു വിങ് കമാൻഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിരുന്നു. ശര്‍മയുടെ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച്‌ കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈല്‍ പാളിച്ചയെക്കുറിച്ചറിയാൻ അന്താരാഷ്ട്ര സമൂഹം താത്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. 23 വര്‍ഷത്തിനിടെ ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരമൊരു നടപടിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Related News