ഡിയോഡറന്റ് ചലഞ്ച്: മസ്തിഷ്ക ക്ഷതവും ഹൃദയ സ്തംഭനവും മൂലം പതിമൂന്ന്കാരിക്ക് ദാരുണന്ത്യം

  • 30/05/2023

സോഷ്യല്‍ മീഡിയ ട്രെൻഡുകളുടെയും ചലഞ്ചുകളുടെയും ഭാഗമായി പല അപകടകരമായ വഴികളും ചെയ്ത് മരണത്തിന് കാരണമാകുന്ന സംഭവങ്ങള്‍ നിരവധി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ മൂക്കിലൂടെ ഡിയോഡറന്റ് വലിച്ചുകയറ്റിയുള്ള ചലഞ്ച് ചെയ്ത പെണ്‍കുട്ടിയുടെ ദുരന്ത വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ള പതിമൂന്നുകാരി കൗതുകത്തിനായി ചെയ്ത ചലഞ്ച് മരണത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.


പതിമൂന്നുകാരിയായ എസ്ര ഹായെൻസിനാണ് ദാരുണ മരണം സംഭവിച്ചിരിക്കുന്നത്. വിക്ടോറിയയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ എസ്ര സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ദിവസമാണ് ട്രെൻഡിന്റെ ഭാഗമായി ഡിയോഡറന്റ് ചലഞ്ച് ചെയ്തത്. എന്നാല്‍ ഡിയോഡറന്റിലെ കെമിക്കലുകള്‍ ശ്വസിച്ചതുമൂലം വൈകാതെ എസ്രയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും മസ്തിഷ്കത്തിന് ക്ഷതം സംഭവിക്കുകയുമായിരുന്നു.

എട്ടുദിവസത്തോളം വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവൻരക്ഷാ മാര്‍ഗങ്ങളുടെ സഹായത്തോടെ ജീവൻ നിലനിര്‍ത്തിയെങ്കിലും വൈകാതെ എസ്ര മരിച്ചു. വൈറല്‍ ചലഞ്ചുകളില്‍ വീഴുന്നവര്‍ക്ക് താക്കീതാവുകയാണ് എസ്രയുടെ മരണം.

ഇത്തരത്തിലുള്ള കെമിക്കലുകള്‍ മൂക്കിലേക്കു വലിച്ചു കയറ്റുക വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ മരണമോ വരെ സംഭവിക്കാം എന്ന് വിദഗ്ധര്‍ പറയുന്നു. 2019ലും സമാനമായ സംഭവം പുറത്തുവന്നിരുന്നു, അന്ന് പതിനാറുകാരായ രണ്ട് ആണ്‍കുട്ടികളാണ് ചലഞ്ചിനു പിന്നാലെ മരിച്ചത്. മറ്റൊരു പെണ്‍കുട്ടിക്ക് മസ്തിഷ്കത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ കുട്ടികള്‍ ഇത്തരം അപകടകരമായ ട്രെൻഡുകള്‍ പിന്തുടരുന്നത് തടയാൻ കര്‍ശനമായ നിയമനടപടികള്‍ വേണമെന്ന് പറയുകയാണ് എസ്രയുടെ മാതാപിതാക്കള്‍.

ടോക്സിക് കെമിക്കലുകള്‍ മൂക്കിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ട്രെൻഡ് കുറച്ചുനാളുകളായി സാമൂഹികമാധ്യമത്തില്‍ നിറഞ്ഞിരുന്നു. പെയിന്റ്, പെട്രോള്‍, ഗ്ലൂ, ക്ലീനിങ് ഉത്പന്നങ്ങള്‍ തുടങ്ങിയ പല കെമിക്കലുകളും ഏറെനേരം ഇപ്രകാരം ആഴത്തില്‍ ശ്വസിച്ചെടുക്കുന്നത് ടിക്ടോക്കില്‍ വൈറലായ ചലഞ്ചാണ്. എന്നാല്‍ ഇതുവഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാറുമില്ല.

ഇത്തരം കാനുകളില്‍ അടങ്ങിയിട്ടുള്ള നൈട്രസ് ഓക്സൈഡ് എന്ന കെമിക്കല്‍ നിരന്തരം മൂക്കിലേക്ക് ശ്വസിച്ച്‌ കയറ്റുക വഴി ഹാലൂസിനേഷൻ, ഓക്കാനം, ഛര്‍ദി, കാഴ്ച്ചമങ്ങല്‍, മാനസിക പ്രശ്നങ്ങള്‍ തുടങ്ങി നീണ്ടനേരം ഇത്തരം കെമിക്കലുകള്‍ ശ്വസിക്കുന്നത് ഹൃദയാഘാതം, ചോക്കിങ്, കോമ, സ്ഥായിയായ മസ്തിഷ്ക ക്ഷതം തുടങ്ങിയവയിലേക്കെല്ലാം നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഡ്രഗ് ഫ്രീ വേള്‍ഡിന്റെ കണക്കുകള്‍ പ്രകാരം പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 5,93,000 കൗമാരക്കാര്‍ ഇത്തരം ചലഞ്ചുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അവരില്‍ 22 ശതമാനവും മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Related News