ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്

  • 30/05/2023



ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ മെയ് 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. 

എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.

എയർലൈൻ ഇതിനകം തന്നെ ടിക്കറ്റ് വിതരണം നിർത്തിയിട്ടുണ്ട്. മെയ് 3 നാണ് ആദ്യമായി ഗോ ഫസ്റ്റ് എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയത്. സ്വമേധയാ പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്തിരുന്നു. എയർലൈൻ. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ തിങ്കളാഴ്ച ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. 

കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നത്. 

Related News