മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഷിൻഡെയുടെ എം എൽ എമാർ ബിജെപിയുമായുള്ള ബന്ധത്തില്‍ അസംതൃപ്തരെന്ന് ഉദ്ധവ് താക്കറെ

  • 30/05/2023

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്ബത് എംപിമാരും ബിജെപിയുമായുള്ള ബന്ധത്തില്‍ അസംതൃപ്തരെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രം സാമ്‌ന വെളിപ്പെടുത്തി.


ഇവര്‍ ഷിന്‍ഡെയുടെ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അസംതൃപ്തരുമായി ചര്‍ച്ച നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി വിനായക് റൗട്ട് പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

മുതിര്‍ന്ന ശിവസേനാ നേതാവ് ഗജാനന്‍ കിര്‍തികര്‍ 'നമ്മളെല്ലാം ശിവസേനക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി, ബിജെപിക്കെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുവെന്നും സാമ്‌നയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കിര്‍തികര്‍ കുറ്റപ്പെടുത്തി.

Related News