മെഡലുകള്‍ ഗംഗയില്‍ ഒഴുക്കില്ല, താല്‍കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍; അനുനയിപ്പിച്ചത് കർഷക നേതാക്കൾ

  • 30/05/2023

ദില്ലി : നീതി നിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയുള്ള പ്രതിഷേധത്തില്‍ നിന്നും താല്‍കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍. ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ സമരത്തില്‍ നിന്നും താല്‍ക്കാലികമായി പിൻമാറിയത്. കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഈ അഭ്യ‍ര്‍ത്ഥന പരിഗണിച്ചാണ് താരങ്ങള്‍ പിൻമാറിയത്. മെഡലുകള്‍ ഒഴുക്കില്ലെന്നും 5 ദിവസം നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചുവരുമെന്നും കായിക താരങ്ങള്‍ അറിയിച്ചു.


അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ഹരിദ്വാര്‍ സാക്ഷിയായത്. തങ്ങള്‍ നേടിയ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ദൃശ്യങ്ങള്‍ വേദനാജനകമായി. താരങ്ങള്‍ക്ക് പിന്തുണയുമായി ആയിരക്കണക്കിന് ജനങ്ങളും ഹരിദ്വാറിലേക്ക് എത്തിയിരുന്നു.

ഇന്ന് വൈകിട്ടോടെ രാജ്യത്തിനായി നേടിയ മെഡലുകള്‍ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സ‍ര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ച‍ര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related News