61കാരിയെ കബളിപ്പിച്ച്‌ 1.8 കോടി രൂപ തട്ടി; രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍

  • 31/05/2023

ഗുരുഗ്രാം: 61കാരിയെ കബളിപ്പിച്ച്‌ 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ പൈലറ്റ് എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.


ഗുരുഗ്രാമിലെ മനേസര്‍ സൈബര്‍ പൊലീസില്‍ 61കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 2022 ഡിസംബറില്‍ 61കാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച ഫ്രണ്ട് റിക്വസ്റ്റാണ് തട്ടിപ്പിന്റെ തുടക്കം. പൈലറ്റ് ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് 61കാരിയുമായി പ്രതികള്‍ ചാറ്റിങ് ആരംഭിച്ചു. അതിനിടെ ഇന്‍സ്റ്റഗ്രാമില്‍ എപ്പോഴും ഉണ്ടാവില്ലെന്നും കൂടുതല്‍ സംസാരിക്കുന്നതിന് ഫോണ്‍ നമ്ബര്‍ തരാനും 61കാരിയോട് പ്രതികള്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ അഞ്ചിന് വിലകൂടിയ ഫോണും സ്വര്‍ണാഭരണങ്ങളും വാച്ചും അടങ്ങിയ ഗിഫ്റ്റ് 61കാരിക്ക് ദുബൈയില്‍ നിന്ന് അയച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. തൊട്ടടുത്ത ദിവസം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് എന്ന് പറഞ്ഞ് കോള്‍ വന്നു. ഗിഫ്റ്റ് ക്ലിയര്‍ ചെയ്യുന്നതിന് 35,000 രൂപ ഷിപ്പിങ് ചാര്‍ജ് ആയി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം ആവശ്യപ്പെട്ട് കോള്‍ വന്നതായി പരാതിയില്‍ പറയുന്നു.

ഒടുവില്‍ ഭീഷണിസ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ,തിരുപ്പതിയില്‍ സ്വന്തം പേരിലുള്ള സ്ഥലം വിറ്റും പണം നല്‍കിയതായി പരാതിയില്‍ പറയുന്നു. അവസാനം 61കാരിയുടെ മകന്‍ ഇടപാടുകള്‍ മനസിലാക്കുകയും പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു പ്രതികളെയും പിടികൂടി. അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ചുവക ഐവ്രേയ്ക്ക് മറ്റു സ്റ്റേഷനുകളിലും കേസുള്ളതായി തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Related News