വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു; പൈലറ്റ്മാർക്ക് പരിക്ക്

  • 01/06/2023

ബെംഗളൂരു: വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു. കിരണ്‍ എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കര്‍ണാടകയിലെ ചാമരാജ് നഗറിലാണ് അപകടം നടന്നത്. പാരച്യൂട്ട് ഉപയോഗിച്ച്‌ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമായിരുന്നു ഇത്. തേജ് പാല്‍, ഭൂമിക എന്നീ പൈലറ്റുമാര്‍ മാത്രമാണ് അപകടം നടക്കുമ്ബോള്‍ വിമാനത്തിലുണ്ടായിരുന്നത്.


പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച്‌ പൈലറ്റുമാര്‍ രക്ഷപ്പെട്ടത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.

വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തില്‍ പടര്‍ന്ന തീ അഗ്നിരക്ഷാസേന അണച്ചു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. തുറസായ സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. അതിനാല്‍ വലിയ അപകടം ഒഴിവായി.

Related News